Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

എന്തുകൊണ്ട് സ്നേഹിക്കപ്പെടുവാന്‍ കഴിയുന്നില്ല?

ഒരു വ്യക്തിയേയോ ആശയത്തേയോ വസ്തുവിനേയോ ചുറ്റിപറ്റി സ്ഥിതിചെയ്യുന്ന വൈകാരിക പ്രവണതകളുടെ സമാഹാരമാണ് സ്നേഹം എന്ന വികാരം. ഭൂമിയിലെ ഏതൊരു മനുഷ്യനും സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കും. നമ്മള്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരാലോ സ്നേഹമെന്ന വികാരം ഓരോരുത്തരിലും ഉദ്ദീപിപ്പിക്കപ്പെടുന്നു. സ്നേഹം എല്ലായ്പ്പോഴും ആനന്ദദായകമാ യിരിക്കണമെന്നും അത് നിത്യമായിരിക്കണമെന്നും മനുഷ്യന് നിര്‍ബന്ധമായി ഉണ്ട്. എന്നാല്‍ പലപ്പോഴും യാഥാര്‍ത്ഥ്യത്തിന്‍റെ തലത്തില്‍ സ്നേഹം നിത്യമായി കൊള്ളണമെന്നില്ല. സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്ന വ്യക്തിതന്നെ സ്നേഹത്തിന്‍റെ നിഷേധത്തെ തുടര്‍ന്ന് തിരിച്ചറിയാനാവാത്ത ശൂന്യതയിലും പ്രയാസങ്ങളിലുമകപ്പെട്ട് മനസ് ഉഴറിപ്പോവുകയും ചെയ്യുന്നു.

എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?

നമ്മള്‍ എപ്പോഴാണ് സ്നേഹമെന്ന വികാരത്തെ തിരിച്ചറിയുന്നത് എന്നു ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കുവാന്‍ കഴിയില്ല. എന്നാല്‍ സ്നേഹത്തെക്കുറിച്ച് നേരത്തെതന്നെ ഒത്തിരി ധാരണകള്‍ സ്വരൂപിച്ച് വെച്ചിട്ടുണ്ട് താനും. അത്തരം ധാരണകളുടെ ഒരു സഫലീകരണമാണ് നാം ഓരോരുത്തരും സ്നേഹത്തിന് കൊടുക്കുന്ന നിര്‍വ്വചനം. മറ്റൊരാളുടെ കാഴ്ച്ചപാടില്‍ നിര്‍വ്വചനം ഒരുപക്ഷെ തെറ്റോ ശരിയോ ആകാം. എങ്കിലും സ്വന്തം നിര്‍വ്വചനത്തിലൂടെ ഒരുപരിമിതിയുടെ ലോകത്ത് മാത്രം നമ്മുടെ വ്യക്തിത്വം വ്യാപരിക്കുവാന്‍ ഇടവരുന്നു.പരസ്പരം മനസ്സിലാക്കല്‍, ബഹുമാനിക്കുക, അഭിനന്ദിക്കുക, അഭിനന്ദിക്കപ്പെടുവാനുമുള്ള ആഗ്രഹം, അനുഭൂതികള്‍ക്കും താല്‍പര്യങ്ങള്‍ക്കും അടിസ്ഥാനമായുള്ള സൗഹാര്‍ദ്ദം, സെക്സിനോടുള്ള സ്വാധീനവും അനുഭവവും, ബന്ധങ്ങളുണ്ടാക്കുവാനും അതിനു നിശ്ചിതരൂപവും മാത്യകയും ഉണ്ടായിരിക്കണമെന്ന അഭിനിവേശം, കാമം, പ്രണയം, പ്രശ്സ്തി, അംഗീകാരം ഇത്യാതികള്‍ നമ്മള്‍ക്ക് തോന്നിതുടങ്ങുന്നത് നേരത്തെ പറഞ്ഞ നിര്‍വ്വചനം നല്‍കുന്ന ഘട്ടത്തോടുകൂടിയാണ്. ആ കാലയളവില്‍ നമ്മുടെമനസ്സ് ശുക്ള പക്ഷത്തിലെ ചന്ദ്രനെപ്പോലെ സത്യമായിരിക്കും. അതു കഴിഞ്ഞാല്‍ മനസില്‍ വീഴുന്ന നിഴലില്‍ നമ്മുടെ സ്നേഹത്തിന് മുമ്പുണ്ടായിരുന്ന തെളിമ കുറയുവാന്‍ തുടങ്ങും. അപ്പോഴതിന് വിഷാദത്തിന്‍റെ ലയമായിരിക്കും ഉണ്ടാവുക. ഇന്നലെവരെ അനുഭവപ്പെട്ടിരുന്ന ആനന്ദത്തില്‍ ഒരുതരം നിശ്ചലത വന്നു നിറയുന്നതായി തോന്നുന്നു. പിന്നിട് മങ്ങിയും തെളിഞ്ഞും വരുന്ന ഓര്‍മ്മശകലങ്ങള്‍ക്കിടയില്‍ നെടുവീര്‍പ്പിടുവാനെ നമ്മുക്ക് കഴിയുന്നുള്ളു.

എന്തുകൊണ്ടാണിങ്ങിനെ സംഭവിക്കുന്നത്?

ഇപ്പോള്‍ നിങ്ങളുടെ കൂടെ ഇത്രയുംനാള്‍ ഉണ്ടായിരുന്ന സ്നേഹിത/സ്നേഹിതനെ (ആരുമാവാം) പൂര്‍ണ്ണമായും മനസ്സിലാക്കുവന്‍ കഴിഞ്ഞിട്ടില്ലെന്ന തോന്നല്‍ മുളപൊട്ടിയെക്കാം. കാരണം നിങ്ങള്‍ക്കുണ്ടായിരുന്ന ധാരണകള്‍ തീര്‍ത്തും യുക്തിരഹിതമായ ആശയങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നവയായിരുന്നു എന്നതാണ് വാസ്തവം. അവിടെ നിങ്ങള്‍ക്ക് സ്വാതന്ത്യം അനുഭവിക്കുവാന്‍ കഴിഞ്ഞിരിക്കില്ല. സ്വാതന്ത്യമില്ലാത്തത് എവിടെയാണോ അവിടെ ഭയം സ്ഥാനം പിടിച്ചു നമ്മേ ശല്ല്യപ്പെടുത്തും ഭയമുള്ളിടത്ത് സ്നേഹം ആനന്ദം സൗന്ദര്യം നിര്‍വ്യതി ഇതൊന്നും തിരിച്ചറിയുവാനും അനുഭവിക്കുവാനും കഴിയില്ല.
ഈ ഘട്ടത്തില്‍ നിങ്ങളുടെ മനസിന്‍റെ സ്വസ്ഥത തീര്‍ത്തും വികലമാകുവാന്‍ തുടങ്ങുന്നു. തന്‍റെ വേണ്ടപ്പെട്ടവന്‍/വേണ്ടപ്പെട്ടവള്‍ നഷ്ടപ്പെട്ടേക്കുമോ എന്നുള്ള ഭയമാണ് ഇവിടെ നിങ്ങളേ അസ്വസ്ഥനാക്കികൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ സ്വയംമറന്നു പോകുന്നു. സഫലമാകാത്ത പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നിങ്ങളെ ഇവിടെ എത്തിക്കുന്നത്. വാസ്തവത്തില്‍ ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോഴാണ് തോന്നിക്കുന്നത്......
കാലം വരുന്നതും പോകുന്നതുമൊന്നും നിങ്ങള്‍ അറിയുന്നില്ല. എല്ലാറ്റില്‍ നിന്നും ഒറ്റപ്പെടുന്നുവെന്ന തോന്നല്‍ നിങ്ങളെ വീണ്ടും ശൂന്യതയിലേയ്ക്ക് വലിച്ചിഴക്കുന്നു. അതനുസരിച്ച് നിങ്ങളില്‍ ഭയവും കൂടിക്കൊണ്ടെിരിക്കുമെന്ന് മാത്രമല്ല ഇതുവരെ ഇല്ലാതിരുന്ന അകാരണമായ കുറ്റബോധവും അലട്ടാന്‍തുടങ്ങുന്നു. എങ്കിലും നിങ്ങള്‍ക്ക് കടമകളില്‍നിന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിപ്പോകുവാന്‍ ആവുന്നില്ല. കാരണം അച്ഛനമ്മമരും സഹോദരങ്ങളും പങ്കാളികളും സുഹ്യത്തുക്കളും ബന്ധുക്കളുമല്ലാം നിങ്ങളില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാ യിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരം അവസ്ഥ തുടങ്ങിയത് സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള അഭിലാഷത്തില്‍ നിന്നാണന്ന് വിസ്മരിക്കരുത്. സ്നേഹിക്കപ്പെടണമെങ്കില്‍ കര്‍ത്തവ്യനിരതനായിരിക്കണം. അതുപോലെ തന്നെയാണ് മറ്റു ഇതര വ്യക്തികളോട് നിങ്ങള്‍ പാലിക്കുന്ന കര്‍ത്തവ്യബോധം.
സ്നേഹമെന്ന വികാരത്തിന് കടന്നുവരുവാന്‍ ജീവിതത്തില്‍ ഇടങ്ങളും കഥാപാത്രങ്ങളും ഇല്ലാതായി എന്നോര്‍ക്കുമ്പോള്‍ ജീവിതത്തോട് വിരക്തി തോന്നിതുടങ്ങുന്നു. തന്‍റെ ജീവിതത്തിന് യാതൊരുവിധ അര്‍ത്ഥവുമില്ലെന്ന വ്യഖ്യാനത്തിലേക്ക് തിരിഞ്ഞ് രോഗാതുരമായ വ്യക്തിത്വ മുഖമുടി അണിയുവാന്‍ തുടങ്ങുന്നു. പിന്നെ അയാള്‍ അണിഞ്ഞ ആ പൊയ്മുഖത്തിനുള്ളില്‍ നിന്നുകൊണ്ടാണ് എല്ലാത്തിനെയും വിശകലനം ചെയ്യുക. ഇവിടെ നിങ്ങള്‍ പരാജയപ്പെടുകയാണോ?.. ദീര്‍ഘകാലം നെടുവീര്‍പ്പിട്ടും ഓര്‍മ്മകള്‍ അയവിറക്കിയും കഴിയുവാനുള്ള സാഹചര്യം നിങ്ങള്‍ തന്നെയാണോ സ്യഷ്ടിച്ചത്? ആണെങ്കില്‍ അതിനു കാരണമായി നിങ്ങളില്‍ നിന്ന് ഉണ്ടായതെന്തന്ന് ഒരിക്കലെങ്കിലും ചിന്തിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ

വാസ്തവത്തില്‍ നിങ്ങള്‍ക്ക് ഏതുതരം സഹചാരിയായിരുന്നു ലഭിക്കേണ്ടിയിരുന്നത്?

നിങ്ങളില്‍ നിശ്ചലമായി കിടക്കുന്ന കഴിവുകളും തത്വസംഹിതകളും മൂല്യബോധത്തെയും ഉത്തേജിപ്പിച്ച് വിടുവാന്‍ കഴിവുള്ള ഒരുസ്നേഹിത /സ്നേഹിതനോ ആയിരുന്നു നിങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. നിങ്ങളിലെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തി ക്രിയാത്മകമായ വിധം സമൂഹത്തിനു മുമ്പില്‍ കൊണ്ടുവരുവാനും ഭാവിയില്‍ അടുത്ത തലമുറക്ക് ഉപകാരിക്കാവുന്ന സംഭാവനകള്‍ വിഭാവനം ചെയ്യിക്കുവാനും തക്ക കെല്‍പ്പുള്ള വ്യക്തിയാവണം നിങ്ങളുടെ സഹചാരി.
സഹചാരി അച്ഛനോ അമ്മയോ സഹോദരനോ സുഹുത്തോ കാമുകിയോ അദ്ധ്യാപകനോ ഭാര്യയോ ആരുവേണമെങ്കിലും ആയിക്കോട്ടെ. അവരിലും വ്യക്തമായ കര്‍ത്തവ്യബോധം ഉണ്ടായിരിക്കണം. നിര്‍വ്വഹിക്കുന്ന കര്‍ത്തവ്യബോധം അടിമത്ത്വം സ്യഷ്ടിച്ചുകൊണ്ടാവരുത്. തന്‍റെ ഇംഗിതത്തിനു പൂര്‍ണ്ണമായും വഴക്കാന്‍ ഉതകുന്ന ഒരുപങ്കാളിയെ ഒരിക്കലും കാംക്ഷിക്കരുത്.
നിങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാനുള്ള പ്രവര്‍ത്തനമണ്ഡലം ഭൂമിയിലുണ്ട്. അവിടെ നിങ്ങളുടെ അഭിപ്രായം, ആശയം, വികാരങ്ങള്‍ ഒന്നും മറച്ചുവെക്കാതെ ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യം വേണമായിരുന്നു. ഈ സ്വാതന്ത്യത്തിലൂടെയാണ് നിങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയും അടുപ്പവും ആഴത്തിലേക്കു എത്തുന്നതും ശക്തമാകുന്നതും. ഇതേസ്വാതന്ത്യം, പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുമ്പോഴാണ് നിങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹം ഏറ്റവും ആസ്വാദ്യകരവും ആനന്ദദായകവുമായി തീരുന്നത്. യാതൊരുവിധ തടസവുമില്ലാത്ത സ്വാതന്ത്യബോധം നിങ്ങളുടെ ജീവിത പങ്കാളിത്തത്തെ പോഷിപ്പിച്ച് വളര്‍ത്തുമ്പോള്‍ മാത്രമാണ് പരസ്പര സ്നേഹം പരി പാവനമായിത്തിരുന്നത്. ഇത്തരത്തില്‍ ജീവിത പങ്കാളിത്തത്തെ വീക്ഷിക്കുമ്പോള്‍ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു.
മറിച്ച് അവ നിഷേധിക്കപ്പെടുമ്പോള്‍ അവിടെ അടിമത്വവും, ഭയവും, ഉത്കണ്ഠയും സ്ഥാനംപിടിച്ച് സ്നേഹിക്കുവാനും സ്നേഹിക്കപെടുവാനുമുള്ള സാഹചര്യം ഇല്ലാതാകുന്നു എന്നുമാത്രമല്ല സ്നേഹപ്രകടനം എന്നത് കേവലം അഭിനയമായി തീരുന്നു.